പൂഞ്ഞാര്‍: ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരണമടഞ്ഞ പൂഞ്ഞാര്‍ തെക്കേക്കര ചേലകാട്ട് ജോസഫിന്റെ മൃതദേഹം പെരിങ്ങളം തിരുഹൃദയ പള്ളിയില്‍ സംസ്കരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ രണ്ടിനു പെരിങ്ങുളം തിരുഹൃദയ ദേവലായത്തില്‍ എത്തിച്ച മൃതദേഹത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കാനാളുകള് അന്തിമോപചാരം അര്‍പ്പിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് അശൂപത്രിയില്‍ ചികിത്സയിലായിരുന്ന ജോസഫിന്റെ മക്കളായ ജിമ്മിച്ചനെയും ഡെന്നീസിനെയും സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ആശുപത്രിയില്‍ നിന്നെത്തിച്ചിരുന്നു.
സംസ്കാര ശുശ്രഷകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്, വികാരി ഫാ. ജോര്‍ജ് മടുക്കാവില്‍ എന്നിവര്‍ സഹകാര്മികരായിരൂന്നു.
മണ്ണിടിച്ചിലില്‍ മരിച്ച തമഴ്നാട് തിരുവള്ളൂര്‍ സ്വദേശിനി സംഗീത അരുള്ലാലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി. സംഗീതയുടെ ഭര്‍ത്താവ് വെങ്കിടേഷും സുഹൃത്തുക്കളുമാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്.
സംഗീതയുടെ മൃതദേഹവുമായി പോയ ആംബുലന്‍സിനെ കുമളി ചെക് പോസ്റ്റുവരെ മീനച്ചില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മജോഷ് മൈക്കിള്‍ അനുഗമിച്ചു. കുമളി ചെക് പോസ്റ്റില്‍ കമ്പം തഹസില്‍ദാര്‍ മൃതദേഹം ഏറ്റുവാങ്ങി.
ഞായറാഴ്ച രാത്രി വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് ജോസഫ് മരിച്ചത്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശേരിക്കുസമീപം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് സംഗീത മണ്ണിടിച്ചിലില്‍ പെട്ടത്.